Sunday, 26 June 2016

ജാതി ...

"തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ 
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ 
കെട്ടില്ലാതോർ തമ്മിലുണ്ണാത്തോർ അങ്ങിനെ 
ഒട്ടല്ലഹോ ജാതിക്കോമരങ്ങൾ" 
എന്നാണ്ജാതിയെ കുറിച്  മഹാകവി കുമാരനാശാൻ പറഞ്ഞത് .ജാതിയുടെ നിരർത്ഥത തയും എന്നാൽ അതുണ്ടാക്കുന്ന കെടുതിയും ഒരുപോലെ വ്യക്തമാക്കുന്ന താണ് ഈ വരികൾ .ശ്രീ നാരായണഗുരുവും അയ്യങ്കാളിയും ഈ ജാതി വിവേചനത്തിനെതിരെ തങ്ങളുടെ വ്യത്യസ്ത തലത്തിൽ പോരാടി ജാതിക്കോമരങ്ങളെ നിലക്ക് നിർത്തിയാണ് നവോത്ഥാന കേരളം പടുത്തുയർത്തിയത് .നവോത്ഥാന മുന്നേറ്റമാണ് ദേശിയ പ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിനും വളരാൻ അടിത്തറയൊരുക്കിയത് .കമ്മ്യൂണിസ്റ്പ്രസ്ഥാനമാണ് ജന്മിത്തത്തിന്റെ കടപുഴക്കിയത് . ഇതു എല്ലാവർക്കും അറിയുന്ന ചരിത്ര സത്യം .ദരിദ്ര ഭൂരി പക്ഷത്തിൽ നിന്ന് കേരളീയ സമൂഹം ഭൂരിപക്ഷ മധ്യവർഗമായി പരിണമിച്ചിരിക്കുന്നു .ദരിദ്രന്യുന പക്ഷത്തിലെ ഭൂരിപക്ഷം ദളിത് ആദിവാസി വിഭാഗവുമാണ് .അതുകൊണ്ട്തന്നെ അവർപ്രത്യേക പരിഗണന അർഹിക്കുന്നു .സംവരണം ,സാമ്പത്തിക ആനുകൂല്യങ്ങൾ തുടങ്ങിയവ പ്രത്യേകമായി നല്കുന്നുണ്ടെങ്കി ലുംഇന്നും അവരുടെ നില പരിതാപ കരമാണ് .എന്നാൽ ജാതി സ്വത്വം വളർത്തിക്കൊണ്ടു അവർക്ക് ഒരു പുരോഗതി സാധ്യമാകില്ല .അതുപോലെഒരിക്കൽ തങ്ങൾ മുൻനിരയിൽനിന്നും
ആട്ടിഓടിച്ച ജാത്യാഅഭിമാനത്തെ ഇനി മുന്നിൽ നിർത്തി വല്ലാതെ പുരോഗമിച്ചുകളയാമെന്നു മധ്യവർഗവും കരുതേണ്ടതില്ല .എന്നാൽ ജാതി സ്വത്വങ്ങളെ ഊതി വീർപ്പിച്ചു അധികാര രാഷ്ട്രീയംകളിക്കാമെന്നു ചില ജാതി നേതാക്കളും ചില രാഷ്ട്രീയ പാർട്ടികളും കരുതുന്നു .ജാതിയെ ആധാര മാക്കിയുള്ള രാഷ്ട്രീയ വിവാദങ്ങളുടെ പിന്നിൽ ഈ സ്വത്വ രാഷ്ട്രീയ മാണ് ഉള്ളത് എന്ന കാര്യം ജനാധിപത്യ കേരളം തിരിച്ചറിയണം.
                ഹിന്ദുക്കളായ എല്ലാവരും ഏതെങ്കിലും ഒരു ജാതിയുടെ കള്ളിയിലാണ് ജനിച്ചുവീഴുന്നത് .വിശ്വാസ പരമായ ഒരു ചടങ്ങിനും അയാൾ വിധേയനായില്ലെങ്കിലും അയാൾജനിച്ചപ്പോൾ ഉള്ള ജാതി അയാളോടൊപ്പമുണ്ടാകും . സ്കൂൾ വിദ്യാഭ്യാസം തുടങ്ങി അതു സർക്കാർ രേഖകളിൽ അടയാളപ്പെടുത്തി തുടങ്ങും .തുടർന്നു സർക്കാർ ജോലി പ്രമോഷൻ തുടങ്ങിയ കാര്യങ്ങൾക്കും ജാതി ഒരു ഘടകമായി വർത്തിക്കുന്നു .സംവരണവും അതുപോലുള്ള മറ്റു ആനുകൂല്യങ്ങളും ലഭിക്കാനും ജാതിയുടെ ആവരണം എടുത്തണിയണം .സംവരണം അനാദികാലം ഇത്  തുടരാനൊന്നും  നമ്മുടെ ഭരണ ഘടന വിഭാവനം ചെയ്യിതിരുന്നില്ല .എന്നാൽ ഇന്നത്തെ സാമൂഹ്യ നിലവെച്ചു പരിശോധിച്ചാൽ സംവരണം ഒരു നീണ്ടകാലം തുടരേണ്ടിവരും .സർക്കാർ രേഖകളിൽ ജാതി അടയാളപ്പെടുത്തലും അടുത്തൊന്നും അവസാനിക്കില്ല .നമ്മൾ ജാതികളിൽ നിന്നുതന്നെ ഒരു വരനെ /വധുവിനെ കണ്ടെത്തുന്നു. കല്യാണം കഴിക്കുന്നു .അതേ ജാതിയിലേക്കു പുതിയ തലമുറജനിക്കുന്നു .ജാതിസന്ഖ്യയിൽ വർദ്ധനവുണ്ടാകുന്നു .അപൂർവം മിശ്ര ജാതി / മത വിവാഹങ്ങൾ കണ്ടേക്കാം . അവരുടെ അടുത്ത തലമുറ മാതാ പിതാക്കളുടെ ഏതെങ്കിലും ഒരു ജാതിയിൽ ചേർക്കപ്പെടുന്നതായാണ് പൊതുവെ കണ്ടുവരുന്നത് .അപൂർവം പേർ അങ്ങിനെ അല്ലാത്തവരും ഉണ്ടായേക്കാം അപ്പോൾ ജാതിയും മതവുമെല്ലാം മുന്നിൽ 
കാണാൻ കഴിയുന്ന ഒരു വലിയ കാലം ഇതുപോലെ ഒക്കെ ഉണ്ട്ടാവും .ജാതി സമത്വം അല്ലെങ്കിൽ ജാതി വിവേചനം ഇല്ലായ്മ എന്നതാണ് ഈ കാലത്തും മുന്നോട്ടു വെക്കാൻ കഴിയുന്ന ആശയം . സമത്വം സാമ്പത്തികമായും ,സാമൂഹ്യമായുംഉണ്ടാവണം .ഇന്ന് സാമൂഹ്യമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന ആദിവാസി ,ദളിത് സമൂഹങ്ങളെ സാമ്പത്തിക മായും സാമൂഹ്യ മായും തുല്യതയിൽഎത്തിക്കാൻ 
 അവരോടൊപ്പം നിൽക്കുക എന്നതാണ് ഒരു പുരോഗമന വാദിയുടെ കടമ .നമ്പൂതിരി , നായർ തുടങ്ങിയ മേൽജാതി എന്ന് പറയപ്പെടുന്നവരിലും വലിയ ജീവിത ക്ലേശം അനുഭവിക്കുന്നവർ ഉണ്ടാവാം . അവരുടെ കാര്യംപ്രത്ത്യേകം പരിഗണിക്ക പ്പെടണം .ഒറ്റവാക്കിൽ പറഞ്ഞാൽ ജാതി നിലനിൽക്കുന്ന ഒരവസ്ഥയും ജാത്യാഭിമാനം ഒരു മിഥ്യയും ആകുന്നു .
ജാതി നശീകരണവും 
ജാതി സമത്വവും ... 
നവോത്ഥാന നായകരിൽ സമുന്നതനായ ശ്രീനാരായണ ഗുരുവാണ് ജാതി നശീകരണം എന്ന സന്ദേശം മുന്നോട്ടു വെച്ചത് .മനുഷ്യരെല്ലാം നര ജാതി ആയതുകൊണ്ട് ഒരുജാതി യാണ് എന്ന പ്രഖ്യാപനത്തോടെ ഗുരു വിഭിന്ന 
ജാതികളുടെ അസ്തിത്വത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത് .ജാതി നശീകരണംഎന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ കേരളിയ സമൂഹത്തിനു കഴിഞ്ഞില്ല എന്നാൽ ജാതി സമത്വത്തിന്റെ വഴിയിൽ ബഹുദൂരം മുന്നേറാൻ 
കേരളീയ സമൂഹത്തിനു കഴിഞ്ഞു .ആത്മീയ സന്ദേശങ്ങളെ ഭൗതിക പ്രക്ഷോഭങ്ങളുമായി സമന്വയി പ്പിച്ചു കൊണ്ടാണ് ഈ മുന്നേറ്റം സാധ്യമായത് .പിന്നോക്ക ജാതികൾക്കും മറ്റും പ്രവേശനം നിഷേധിക്ക പ്പെട്ട ഗുരുവായൂർ അടക്ക മുള്ള സവർണ്ണ ക്ഷേത്രങ്ങളിൽ പ്രവേശനത്തിനുവേണ്ടി ഉശിരൻ സമരങ്ങൾ നടന്നു .സ:പി .കൃഷ്ണ പിള്ള ,എ .കെ .ജി ,കെ .കേളപ്പൻ എന്നീ നേതാക്കൾ മുൻ നിന്ന് നടത്തിയ ഗുരുവായൂർ സത്യാഗ്രഹം പിന്നോക്ക ജാതികൾക്കും ,ദളിത് സമൂഹത്തിനും മുഴുവൻ ക്ഷേത്രങ്ങളിലേക്കു മുള്ള പ്രവേശന സ്വാതം ത്രിയംനേടിക്കൊടുത്തു.ആത്മീയമുന്നേറ്റത്തിലേക്കുഉള്ളതിൽ ഉപരി ഭൗതികമായ മുന്നേറ്റത്തിനാണ് ഇത് വഴിതുറന്നത് .പിന്നോക്ക ജാതികളിൽ പലതിനും മുന്നോക്ക ജാതികൾ ക്കൊപ്പം സാമൂഹ്യ പുരോഗതി കൈവരിക്കാൻ ജാതി സമത്വത്തിലൂന്നിയ ഈ പ്രക്ഷോഭം വഴി തുറന്നു .എന്നാൽ പട്ടിക ജാതി -ആദിവാസി സമൂഹങ്ങൾക്ക് ഇവരോടൊപ്പംപുരോഗതി നേടാൻ കഴിഞില്ല .അതുകൊണ്ട് തന്നെ ദളിത്ശാക്തീകരണം എന്ന ഇപ്പോൾ ഉയർന്നു വരുന്ന മുദ്രാവാക്യം ദളിതരുടെ മാത്രം പ്രശനമല്ലെന്നും അതു ജാതി സമത്വത്തിനു വേണ്ടിയുള്ള പൊതു സമരങ്ങളുടെ ഭാഗ മാണെന്നും നമ്മൾ തിരിച്ചറിയണം .സാമൂഹ്യനീതിനിഷേധിക്കപെട്ടവർക്ക്സാമൂഹ്യനീതി കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഒന്നാണത് . ജാതി സമത്വം നേടും തോറും ജാതി പ്രഭാവം കുറയുകയും ജാതി അപ്രസക്തമാവുകയും ചെയ്യും.

ജാത്യാഭിമാനവും ജാതി അപഹർഷതയും 
നമ്പൂതിരി , നമ്പ്യാർ , നായർ വിഭാഗങ്ങളിൽ ഭൂരി പക്ഷവും ജാത്യാഭിമാന ഭരിതരോ , ജാതിവാൽ പുതിയതായി സ്വന്തം പേരിനൊപ്പം എഴുതി ചേർക്കുന്നവരോ അല്ല . അവർ പ്രഭുക്കന്മാരോ കീഴ്ജാതിക്കാരെ അടിമകളാക്കി സ്വന്തം കീഴിൽ നിർത്തുന്നവരോ അല്ല . അവരുടെ ഇളം തലമുറയിൽ ചിലർ ജാതിവാൽ സ്വന്തം പേരിനൊപ്പം എഴുതി ചേർക്കാൻ തുടങ്ങിയിരിക്കുന്നു . ശ്രീ രാഗ് നായർ , അശ്വതി നമ്പ്യാർ എന്നിങ്ങനെ ഉള്ള മട്ടിൽ . അതുകൊണ്ട് ആരും പ്രത്ത്യേക ബഹുമതി ഒന്നും നൽകുന്നില്ല . അൽപ്പം പരിഹാസം മറ്റുള്ളവർക്ക് തോന്നും 
എന്ന് മാത്രം . അതുപോലെ ഏത് വിഷയത്തിലും ദളിത് എന്ന വിശേഷണം സ്ഥാനത്തും അസ്ഥാനത്തും ചേർക്കുന്നതും ഗുണകരമല്ല .ദളിത് എന്ന അവസ്ഥ ദുരുപയോഗിക്കുന്നു എന്ന തോന്നലാണ് അതു ഉണ്ടാക്കുക . ജാതി അസമത്വം നല്ലത് പോലെ സമൂഹത്തിൽ നില നിൽക്കുന്നുണ്ട് .അത് അവസാനിപ്പിക്കാൻ വേണ്ട സമരങ്ങൾ തുടരണം .എന്നാൽ ജാതി അപഹർഷതാ ബോധത്തിനും പ്രസക്തി ഇല്ല . ജാത്യാഭിമാനവും ജാതി അപഹർഷതാ ബോധവും ഒരുപോലെ ഉപേക്ഷിക്ക പ്പെടണം
ജാതിയുംപുതിയ കാലവും 
 ജാതിയെ താങ്ങി നിർത്തിയിരുന്ന കരുക്കളൊന്നും ഇന്ന് ബാക്കി ഇല്ല .തൊഴിൽ പരമായ വിഭജനം ഇന്ന് നില നിൽക്കുന്നില്ല .എല്ലാ ജാതിക്കാരും എല്ലാ തരം ജോലിയും ചെയ്യുന്നു .ജന്മിത്തവും , അടിയാനും ,ഉടയോനും ഇന്ന് പ്രത്യക്ഷമായി നിലനിൽക്കുന്നില്ല..അപ്പോൾ പിന്നെ ഏതൊക്കെ ഘടകങ്ങളാണ് ജാതിയെ പിടിച്ചു നിർത്തുന്നത് . സർക്കാർ മേഖലയിലെ ജോലിയും ജോലി സംവരണവും ജാതിക്ക് ഒരു പ്രതലം നൽകുന്നു .പാരമ്പര്യ അഭിമാന ബോധവും സ്വത്വ ബോധവും ജാതി അതിന്റെ നിലനിൽപ്പിനു ആധാരമാക്കുന്നു .ജനായത്ത സംവിധാനത്തിലെ വോട്ടു ബാങ്ക് എന്ന നിലയിൽ ജാതി സർവാദരണീയനാണ് .അതു അധികാരത്തിലേക്കുള്ള യോഗ്യത ആയും ചിലപ്പോൾ പരിഗണിക്കപ്പെടുന്നു .സാമ്പത്തിക ശക്തികൾ ബോധപൂർവം ഒരു ഫ്യുഡൽ സംസ്കാരം വളർത്തി എടുക്കുന്നുണ്ട് .അധികാര കേന്ദ്രങ്ങളിലേക്കും അതു അതിക്രമിച്ചു കടക്കുന്നു .അടിമത്ത മനോഭാവ മുള്ള ജാതി ഇവയിൽ നിന്നെല്ലാം നിലനില്പിനുള്ള ഊർജം വലിച്ചെടുക്കുന്നു .  ജാതി സമത്വ പ്രക്ഷോഭത്തിലൂടെ ജാതിയുടെ പ്രഭ കെടുത്താൻ കഴിയും .ഇതു ഒരു രാഷ്ട്രീയ പ്രശനവും ഒപ്പം ഒരു  സാംസ്കാരിക പ്രശനവും ആകുന്നു .ഒരു പുതിയ  നവോത്ഥാന മുന്നേറ്റത്തിന് മാത്രമേ ജാതി സമത്വ പ്രക്ഷോഭത്തെ ഉയർന്ന വിതാനത്തിലേക്ക് എത്തിക്കാൻ കഴിയൂ .അതിലേക്ക് നയിക്കുന്ന തുടർ പ്രക്ഷോഭങ്ങൾ ഉണ്ടായിവരണം...
- കീച്ചേരി രാഘവൻ